വിപണിയില്‍ ഫ്രൂട്ട് സോള്‍ സ്‌ക്വാഷുമായി കെ സി സി പി എൽ 

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ സി സി പി ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്രൂട്ട് സോള്‍ സ്‌ക്വാഷ് പുറത്തിറക്കി. കണ്ണപുരത്തെ ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട്  പ്രോസസിംഗ് കോംപ്ലക്‌സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഫ്രൂട്ട് സോള്‍ സ്‌ക്വാഷ് കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പാഷന്‍ഫ്രൂട്ടില്‍ നിന്നാണ് ഫ്രൂട്ട് സോള്‍ നിര്‍മ്മിക്കുന്നത്. മാങ്ങാട്ടുപറമ്പിലും കരിന്തളത്തുമായി ഏഴ് ഏക്കര്‍ സ്ഥലത്ത് കമ്പനിക്ക് പാഷന്‍ ഫ്രൂട്ട് കൃഷിയുണ്ട്. ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാങ്ങ, പൈനാപ്പിള്‍, ചക്ക തുടങ്ങിയവയുടെ  മൂല്യ വർധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിന് കെ സി സി പി എല്‍ ലക്ഷ്യമിടുന്നു.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരവര്‍ തേങ്ങാപ്പാല്‍, ആന്റിസെപ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പത്ത് ഉല്‍പ്പന്നങ്ങള്‍ കെ സി സിപി എല്‍ വിപണിയിലിറക്കിയിട്ടുണ്ട്. പതിനൊന്നാമത്തെ ഉല്‍പ്പന്നമാണ് ഫ്രൂട്ട് സോള്‍. പാപ്പിനിശ്ശേരിയിലെ ആസ്ഥാനമന്ദിരത്തില്‍ നടന്ന  ചടങ്ങില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ ജിതിന്‍, യു കൃഷ്ണന്‍, അസി. ജനറല്‍ മാനേജര്‍ എ കെ കൃഷ്ണകുമാര്‍, അസി. മാനേജര്‍ കെ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

About The Author