ദില്ലി ചലോ: കർഷകരുമായി കേന്ദ്രം ചർച്ച നടത്തും

കർഷകർ ദില്ലി ചലോ മാർച്ച് കടുപ്പിക്കുന്നതിനിടെ ചർച്ചയ്ക്ക് സന്ധദ്ധത അറിയിച്ച് കേന്ദ്ര സർക്കാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തും. ഓൺലൈൻ വഴിയാകും കർഷകരുമായി ചർച്ച നടത്തുക. ഇന്ന് തന്നെ ചർച്ചയുണ്ടായേക്കും. ഇതിനിടെ മാർച്ചിൽ ഇന്നും സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിസന്ധികളെ മറികടന്ന് ഡൽഹിയിലേക്ക് യാത്ര തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.

പഞ്ചാബ് – ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ബുൾഡോസറുകൾ അടക്കമാണ് കർഷകർ എത്തിയത്. പ്രതിഷേധം ഇപ്പോഴും ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ തുടരുകയാണ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റെർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

ട്രാക്ടറുമായി കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. മോദി സര്‍ക്കാര്‍ കര്‍ഷകരെ നേരിടുന്ന രീതി നാണം കെടുത്തുന്നതാണെന്ന് കര്‍ഷക നേതാവ് സര്‍വ്വന്‍ സിംഗ് പാന്തര്‍ പ്രതികരിച്ചു. ഇതൊന്നും പുതിയ ആവശ്യങ്ങള്‍ അല്ല. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളാണ്. പല തവണ സര്‍ക്കാരിനെ ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് വിശദീകരിച്ചു.

About The Author