കായംകുളത്ത് ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; പിടിയിലായവരിൽ ഷാൻ വധക്കേസ് പ്രതിയും

ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ഗുണ്ടകള്‍ കായംകുളത്ത് പിടിയില്‍. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുള്‍പ്പടെയാണ് പിടിയിലായത്. നിതീഷ് എന്ന ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായായിരുന്നു ഗുണ്ടാസംഘാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. വീട് വളഞ്ഞാണ് പൊലീസ് സംഘത്തെ പിടികൂടിയത്.

പൊതുസ്ഥലത്ത് ബഹളം വെച്ചതിനും മദ്യപിച്ചതിനുമാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടകളുടെ ശല്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഷാന്‍ വധകേസ് പ്രതി ജാമ്യത്തില്‍ കഴിയുന്ന മണ്ണഞ്ചേരി അതുല്‍ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. നീതിഷ് കുമാര്‍, വിജീഷ്, അനന്തു, അലന്‍ ബെന്നി, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീന്‍, രാജേഷ് എന്നിവരും പിടിയിലായിട്ടുണ്ട്.

കൊലക്കേസ് പ്രതി മാട്ടക്കണ്ണന്‍, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍ അമല്‍ ,ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടകള്‍ എത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

About The Author