ഇന്‍ക്ലൂസീവ് കായികമേളക്ക് ജില്ലയില്‍ തുടക്കം

പരിമിതികളെ അതിജീവിച്ച ആവേശവും കാണികളെ അതിശയിപ്പിച്ച കായിക പ്രകടനങ്ങളും, കൂടി നിന്നവരുടെ കരാഘോഷങ്ങളിലും ആര്‍പ്പുവിളിയിലും ഊര്‍ജമുള്‍ക്കൊണ്ട് അവര്‍ കായികാനുഭവത്തില്‍ ഉള്‍ച്ചേര്‍ന്നു. ഭിന്നശേഷി കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയാണ് ഭിന്നശേഷി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായികമേളക്ക് പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി. ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളും കക്കാട് ഡ്രീംസ് അരീനയില്‍ ബാഡ്മിന്റണും ചൊവ്വാഴ്ച നടന്നു.

ഭിന്നശേഷി കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് മത്സര ഇനങ്ങള്‍ തയ്യാറാക്കിയത്. ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ബിആര്‍സികളില്‍ നടന്ന കായികോത്സവത്തില്‍ വിജയികളായ 650ല്‍ പരം കലാപ്രതിഭകളാണ് ജില്ലാ കായികോത്സവത്തില്‍ മാറ്റുരക്കുന്നത്. മാസങ്ങളോളം പരിശീലനം നല്‍കിയാണ് കുട്ടികളെ മത്സരത്തിനായി സജ്ജരാക്കിയത്. 14 വയസിന് താഴെ, 14 വയസ്സിന് മുകളില്‍ എന്നീ രണ്ട് വിഭാഗത്തിലായി ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിക്സഡ് എന്ന രീതിയിലാണ് മത്സരം നടക്കുന്നത്. രക്ഷിതാക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കുമായി ഫണ്‍ ഗെയിംസും നടത്തി.
മേളയുടെ ഉദ്ഘാടനം പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ ഡോ. വി ശിവദാസന്‍ എം പി നിര്‍വഹിച്ചു. ഈ കായിക മേളയില്‍ ആരും പരാജയപ്പെടുന്നില്ലെന്നും പരസ്പരം സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൈമാറ്റത്തിനുള്ള വേദികൂടിയാണിതെന്നും എം പി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആര്‍ഡിഡി കെ ആര്‍ മണികണ്ഠന്‍, വിഎച്ച്എസ്ഇ എഡി ഇ ആര്‍ ഉദയകുമാരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അംബിക, എസ്എസ്‌കെ ഡിപിഒമാരായ ഡോ. പി കെ സഭിത്ത്, ഡോ. കെ വി ദീപേഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ എം കെ അനൂപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ 9.30 മുതല്‍ പൊലീസ് മൈതാനിയില്‍ അത്‌ലറ്റിക്ക് മത്സരങ്ങള്‍ നടക്കും.

About The Author