അപൂര്‍വ്വമാണ് ഈ ചെടികളും കാഴ്ചയും: കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ശുദ്ധജല സസ്യങ്ങളുടെ പ്രദര്‍ശനം

കടല്‍ കടന്നെത്തിയ വിദേശി..വയനാടന്‍ കാടുകളിലെ തനി നാടന്‍ ഇനങ്ങള്‍…ഇങ്ങനെ ലോകത്തെ അപൂര്‍വ്വയിനം ശുദ്ധജല സസ്യങ്ങളുടെ കലവറയായി കണ്ണൂര്‍ പുഷ്‌പോത്സവം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മേളയിലാണ് 40 ഇനം ശുദ്ധജല സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നത്.

ശ്രീലങ്ക, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദേശികള്‍ക്കൊപ്പം തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച ചെടികളും ഇവിടെയുണ്ട്. വയനാട്ടിലെ ഉള്‍ക്കാടുകളില്‍ കാണുന്ന അപൂര്‍വ്വയിനം സസ്യമായ സൈക്ലാമിന്‍ മേളയിലെ താരമാണ്. ടോണിന, റൊട്ടാല, ബാക്കോപ, കരോനിയാന തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും പരിചയപ്പെടുത്തുന്നത്. പച്ച നിറത്തില്‍ മാത്രമല്ല ചുവപ്പ്, മഞ്ഞ നിറങ്ങളിലും അക്വേറിയത്തില്‍ ചെടികള്‍ കാണാം. ഇവ മീനുകള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിനൊപ്പം അവയുടെ ഭക്ഷണം കൂടിയാണ്. കേരളത്തില്‍ സുലഭമല്ലാത്തതിനാല്‍ ഇത്തരം ചെടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അതിനാല്‍ പുഷ്പോത്സവത്തിന് ശേഷം ചെടികള്‍ പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തും. 300 മുതല്‍ 1000 രൂപ വരെയാണ് വില.

About The Author