വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ ആസൂത്രണ സമിതി യോഗം: 28 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു കൂടി അംഗീകാരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 28 പദ്ധതികള്‍ക്കു കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇരിട്ടി, കൂത്തുപറമ്പ്, കണ്ണൂര്‍ ബ്ലോക്കുകളുടെയും നടുവില്‍, കീഴല്ലൂര്‍, പെരിങ്ങോം വയക്കര, വളപട്ടണം, ഏഴോം, പരിയാരം, ചെറുകുന്ന്, കോട്ടയം, പിണറായി, കുറ്റിയാട്ടൂര്‍, കണിച്ചാര്‍, ധര്‍മടം, പാപ്പിനിശ്ശേരി, ഉളിക്കല്‍, ചെങ്ങളായി, ചെറുതാഴം, പന്ന്യന്നൂര്‍, എരുവേശ്ശി, ആറളം, കടന്നപ്പള്ളി, കല്യാശ്ശേരി, മൊകേരി, മാങ്ങാട്ടിടം, പാട്യം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. നേരത്തെ ഏഴ് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ യോഗം അംഗീകരിച്ചിരുന്നു. ഇതോടെ അംഗീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം 35 ആയി. ഇതുകൂടാതെ 2023-24 വര്‍ഷത്തെ 10 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക ഭേദഗതി പദ്ധതിയും അംഗീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച രീതിയിലുള്ള നൂതന പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. നൂതന പദ്ധതികള്‍ കണ്ടെത്തുന്നതില്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പഠനം നടത്തണം. വനിതാ ഘടക പദ്ധതിയില്‍ വനിതകള്‍ക്ക് പൂര്‍ണമായും പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ വേണം ആസൂത്രണം ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്കായി യോഗം വിളിക്കുന്ന കാര്യവും ആലോചിക്കുമെന്നും പി പി ദിവ്യ പറഞ്ഞു. പാനൂര്‍ നഗരസഭയുടെ കെ എസ് ഡബ്യു എം പി പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. ആന്തൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരസഭകള്‍ ഉള്‍പ്പെടുന്ന 2024-25 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിനും യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇന്ന് ജില്ലയില്‍ (09-02-2024)

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇന്ന് ഫെബ്രുവരി ഒമ്പതിന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് കെ എസ് ടി എ സംസ്ഥാന സമ്മേളനം -വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം- ഇ കെ നായനാര്‍ അക്കാദമി കണ്ണൂര്‍, 11.30ന്-കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 125 വീടുകളുടെ താക്കോല്‍ കൈമാറ്റം, പനക്കാട് ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം,
വൈകീട്ട് 3.30ന്-ജില്ലാ പഞ്ചായത്തിന്റെ 1056 പുസ്തകങ്ങളുടെ പ്രകാശനം- കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, വൈകീട്ട് 4.30ന്-കൂത്തുപറമ്പ് നഗരസഭ വിന്‍ഡോ കമ്പോസ്റ്റ് കെട്ടിടത്തിന്റെയും ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ച വര്‍ക് ഷെഡിന്റെയും ഉദ്ഘാടനം.
ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

സോഫ്റ്റ് വെയര്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ നടത്താനിരുന്ന ലേണേഴ്‌സ് ടെസ്റ്റ് ഫെബ്രുവരി 14, 17 തീയതികളിലേക്ക് മാറ്റിയതായി കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

താല്‍ക്കാലിക നിയമനം

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

പ്രൊജക്ട് മാനേജര്‍ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോലസുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്.  സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജിയിലുള്ള പി ജി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ  നല്‍കണം. ഫോണ്‍: 9744510930, 9847401207.

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാറ്റി

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എപിബി)(കെഎപി നാലാം ബറ്റാലിയന്‍ – 537/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി ഒമ്പതിന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ശാരീരിക അളവെടുപ്പും  കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി 13ലേക്ക് മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ഥികള്‍ നേരത്തെ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30ന് ഹാജരാകണം.

ജവഹര്‍ നവോദയ വിദ്യാലയം; ലാറ്ററല്‍ എന്‍ട്രി

മാഹി ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 10ന് രാവിലെ 11.15 മുതല്‍ ഉച്ചക്ക് 1.45 വരെ വിദ്യാലയത്തില്‍ നടത്തും.  പരീക്ഷാര്‍ഥികള്‍ രാവിലെ 10.30ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചവര്‍ അതേ വെബ് പോര്‍ട്ടലില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.

തേക്ക് ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം ഫെബ്രുവരി 12ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com  വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0490 2302080, 9562639496.

ലേലം

കണ്ണൂര്‍ ഗവ.പ്രസ്, ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ഫെബ്രുവരി 19ന് രാവിലെ 11.30ന് ഗവ പ്രസില്‍ നടത്തും. ഫോണ്‍: 0497 2747306.

About The Author