ആനകൾക്ക് പീഡനം: കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മർദിച്ച സംഭവത്തിൽ ഇടപെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കി. ആനകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിൽ വനം വകുപ്പ് രണ്ട് കേസുകൾ ബുക്ക് ചെയ്തതിട്ടുണ്ടെന്ന് വനം മന്ത്രി അറിയിച്ചു. ബന്ധപ്പെട്ട പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. പാപ്പാന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതിയും വിശദീകരണം തേടിയിട്ടുണ്ട്.

ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ, കേശവന്‍കുട്ടി എന്നിവയെ പാപ്പാൻ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദേവസ്വംബോര്‍ഡ് അന്വേഷണം തുടങ്ങി. പുതിയ ദൃശ്യങ്ങളല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. കുളിപ്പിക്കാൻ കിടക്കാൻ കൂട്ടാക്കാത്ത ആനയെ പാപ്പാൻ വടികൊണ്ട് തല്ലുകയായിരുന്നു. ഡോക്ടർമാരെത്തി ആനയെ പരിശോധിച്ചു. ദേവസ്വത്തിന് റിപ്പോർട്ട് കൈമാറിയതായും ആനക്കോട്ട അധികൃതർ പറഞ്ഞു.

see

About The Author