നവകേരള സദസ്സ് മുഖാമുഖം; വിപുലമായ സംഘാടകസമിതി

നവകേരള സദസ്സിന്റെ ഭാഗമായുള്ള മുഖാമുഖം പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24നാണ് മുഖാമുഖം പരിപാടി. സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ 37 ഗോത്രവര്‍ഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുക്കും. ഈ വിഭാഗത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍, ഊരുമൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, കലാ -സാംസ്‌കാരിക നേതാക്കളുമായി 1400 പേര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ളവരും പരിപാടിക്കെത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പട്ടികജാതി, പട്ടികവര്‍ഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍ 1.30വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസില്‍ ലഭിച്ച പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ച് ആമുഖഭാഷണം നടത്തും. വ്യത്യസ്ത മേഖലയിലെ 10 വിദഗ്ധര്‍ സംസാരിക്കും. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാനും അവസരമുണ്ടാകും. നവകേരള സദസുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരം പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളും പദ്ധതികളും രൂപീകരിക്കുന്നതിനാണ് മുഖാമുഖം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, എസ് സി ഡയരക്ടര്‍ കെ ഗോപാലകൃഷ്ണന്‍, എസ് ടി ഡയരക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, തദ്ദേശ സ്വയംഭരണ അധ്യക്ഷര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
പരിപാടിയുടെ വിജയത്തിനായി മന്ത്രി കെ രാധാകൃഷ്ണന്‍ ചെയര്‍മാന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വൈസ് ചെയര്‍മാന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജനറല്‍ കണ്‍വീനര്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജോയിന്റ് കണ്‍വീനര്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മേയര്‍, ഡെപ്യൂട്ടി മേയര്‍, പട്ടികവര്‍ഗ, പട്ടികജാതി വിഭാഗത്തില്‍പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, തുടങ്ങിയവര്‍ അംഗങ്ങളായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഏഴു സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

About The Author