വിസി നിയമനം, സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണം; സർവകലാശാലകൾക്ക് ​ഗവർണറുടെ അന്ത്യശാസനം

വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല പ്രതിനിധിയെ നൽകാൻ അടിയന്തര നടപടി കൈകൊള്ളാൻ വൈസ് ചാൻസിലർമാർക്ക് ഗവർണർ നിർദേശം നൽകി. കേരള,എംജി, കുസാറ്റ്, കണ്ണൂർ, മലയാളം,കെടിയു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസി മാർക്കാണ് രാജ്ഭവനിൽ നിന്ന്  കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ യോഗം വിളിച്ചു ചേർത്ത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നും, യൂണിവേഴ്സിറ്റി നടപടികൾ കൈകൊള്ളുന്നില്ലെങ്കിൽ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമന നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

കേരള സർവകലാശാലയുടെ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹർജിയിൽ കേരള ഹൈക്കോടതി തന്നെ മാസങ്ങൾക്കു മുമ്പ് ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവ് നൽകിയിരുന്നു.

അതിനിടെ കേരള വിസി സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന്
സെനറ്റ് യോഗം ഫെബ്രുവരി 16 ന് വിളിച്ചു ചേർക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.
കോൺഗ്രസ് സെനറ്റ് മെമ്പർമാരും,  ഗവർണർ നാമനിർദേശം ചെയ്ത ബിജെപി അംഗങ്ങളും കൂടിച്ചേർന്നാൽ മാത്രമേ സെനറ്റ് യോഗം ചേരാനുള്ള കോറം തികയുകയുള്ളൂ. ബിജെപി അംഗങ്ങളെ കാലിക്കറ്റിന് സമാനമായി തടയുകയാണെങ്കിൽ കോറം തികയാതെ യോഗം തടസപ്പെടും. സിപിഎം അംഗങ്ങൾ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്ന നടപടിയോട് യോജിക്കാൻ സാധ്യതയില്ല.

യൂണിവേഴ്സിറ്റി പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരള, എം ജി, കണ്ണൂർ, കാർഷിക എന്നീ സർവാകലാശാലകളിൽ സെനറ്റിനും,മറ്റ് സർവകലാശാലകളിൽ സിൻഡിക്കേറ്റ് സമിതികൾക്കുമാണ് അധികാരം.

About The Author