മദ്യനയ അഴിമതിക്കേസ്; ഇ ഡിക്ക് മുന്നിൽ അഞ്ചാം തവണയും കെജ്‌രിവാള്‍ ഹാജരാകില്ല

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

കെജ്‌രിവാൾ ഇന്ന് ഹാജരാകില്ലെന്ന് തന്നെയാണ് പാ‍ർട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. കെജ്രിവാളിനെതിരായ നോട്ടീസുകളിൽ തങ്ങളുടെ നിയമ വിദ​ഗ്ധർ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭ​ഗവന്ത് മന്നിനൊപ്പം പഞ്ചാബിൽ ഒരു പ്രതിഷേധ പരിപാടിയിൽ ഇന്ന് അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുന്നുണ്ട്.

നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്. ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

About The Author