കണ്ണൂരില്‍ ‘മോക്’ കെട്ടിട തകര്‍ച്ച: അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

സമയം വ്യാഴാഴ്ച രാവിലെ 7.51. കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ മൂന്നുനില കെട്ടിടമായ അനക്സ് ബ്ലോക്ക് തകര്‍ന്നതായി കണ്ണൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നു. താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. സന്ദേശത്തെ തുടര്‍ന്ന് അതിവേഗം അഗ്‌നിരക്ഷാസേനയും എന്‍ ഡി ആര്‍ എഫും പോലീസുമെത്തി കെട്ടിടത്തില്‍ കുടങ്ങിക്കിടന്നവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ മോക്ഡ്രില്ലാണ് പിഴവില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃകയായത്.
കണ്ണൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലാണ് ആദ്യം വിവരം ലഭിച്ചത്. ഇതോടെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവിധ വകുപ്പുകള്‍ക്ക് വിവരം നല്‍കി. ഇന്‍സിഡന്റ് കമാന്‍ഡറായി അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്  സംഭവസ്ഥലത്തെത്തി ഏകോപന ചുമതല ഏറ്റെടുത്തു. ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ വി ലക്ഷ്മണന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയുടെ  ഒരു യൂണിറ്റും സിവില്‍ ഡിഫന്‍സ് സേനയുമാണ് ആദ്യം കുതിച്ചെത്തിയത്. ഉടന്‍ കെട്ടിടത്തിലേക്ക് വലിഞ്ഞ് കയറി രണ്ടുപേരെ കയര്‍മാര്‍ഗം താഴെയിറക്കി. ജില്ലാ ആശുപത്രിയിലെ ഡോ. കെ ടി താഹയുടെ നേതൃത്വത്തില്‍ സുസജ്ജമായ  മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കി പരിക്കേറ്റവരെ ആംബുലന്‍സ് മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ശങ്കര്‍ പാണ്ട്യന്റെ നേതൃത്വത്തിലുള്ള ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. അപകടത്തിന്റെ വ്യാപ്തി ദ്രുതഗതിയില്‍ വിശകലനം ചെയ്തശേഷം മൂന്ന് സംഘമായി പിരിഞ്ഞു രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒരു സംഘം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മുറിച്ചുമാറ്റി അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കുടുങ്ങിക്കിടന്നവരെ കണ്ടെത്തി കയര്‍മാര്‍ഗം താഴെയിറക്കി. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം 8.52 ഓടെയാണ് പൂര്‍ത്തിയായത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരില്‍ ഗുരുതരമായി പരിക്കേറ്റയാളെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുകളുള്ള  രണ്ടുപേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
രക്ഷാപ്രവര്‍ത്തനശേഷം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ശങ്കര്‍പാണ്ട്യന്‍ എന്നിവര്‍ ജില്ലാതല ഓഫീസര്‍മാരോട് കാര്യങ്ങള്‍ വിശദീകരിച്ചു. മികച്ച ഏകോപനത്തിനുള്ള ഉപഹാരം ശങ്കര്‍പാണ്ട്യന്‍ അസി. കലക്ടര്‍ക്ക് നല്‍കി. വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

About The Author