ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും.

രാജിക്ക് പിന്നാലെ ഇ ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സോറന്റ് അറസ്റ്റിൽ ജാർഖണ്ഡ് മുക്തി മോർച്ച സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏജൻസി അധികാരം ദുരുപയോ​ഗം ചെയ്തുവെന്ന് ഹർ‌ജിയിൽ പറഞ്ഞു. അറസ്റ്റ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുളളതുമാണെന്ന് പറഞ്ഞ സോറൻ എസ് സി, എസ്ടി ആക്ട് പ്രകാരം ഇ ഡി ഉദ്യോ​ഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സോറൻ്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്. ഇ ഡി കസ്റ്റഡിയിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമായിരുന്നു സോറനെ അറസ്റ്റ്. അറസ്റ്റിന് പിന്നാലെ മുതിർന്ന നേതാവ് ചംപയ് സോറനെ മുഖ്യമന്ത്രിയാക്കുമെന്ന് ജെഎംഎം നേതാക്കൾ അറിയിച്ചിരുന്നു.

കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. നേരത്തെ ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹേമന്ത് സോറൻ പരാതി നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നായിരുന്നു ഹേമന്ത് സോറൻ പൊലീസിൽ നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നത്. എസ് സി / എസ് ടി പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

About The Author