പഴശ്ശി പദ്ധതിയുടെ മെയിൻ കനാൽ വഴി വെള്ളമൊഴുക്കി : ട്രയൽ റൺ 16 വർഷത്തിന് ശേഷം

16 വർഷത്തിന് ശേഷം പഴശ്ശി പദ്ധതിയുടെ മെയിൻ കനാൽ വഴി ബുധനാഴ്ച (ഇന്ന്) വെള്ളമൊഴുക്കി.രാവിലെ ഒൻപത് മണിക്കാണ് 42 കിലോമീറ്റർ വരുന്ന മെയിൻ കനാൽ വഴിയും മാഹി ബ്രാഞ്ച് കനാൽ വഴിയും വെള്ളമൊഴുക്കുന്ന ട്രയൽ റൺ നടത്തിയത്. കഴിഞ്ഞ ദിവസം പഴശ്ശി പദ്ധതിയിൽ ചേർന്ന പ്ലാനിങ് ബോർഡ് യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.

2012 ലെ കനത്ത മഴയിൽ ഷട്ടറുകൾ തുറക്കാനാകാതെ ഉണ്ടായ പ്രളയത്തിൽ പഴശ്ശി കനാലിന്‍റെ ഒരു ഭാഗം തകർന്നു പോയിരുന്നു. ഇതോടെയാണ് കനാലുകൾ വഴിയുള്ള വെള്ളമൊഴുക്ക് പൂർണമായും തടസപ്പെട്ടത്. കഴിഞ്ഞ വർഷം നടത്തിയ ട്രയൽ റണ്ണിലൂടെ പദ്ധതി പ്രദേശത്തുനിന്ന് കീച്ചേരി വരെയുള്ള 5.55 കിലോമീറ്റർ ദൂരത്തിൽ കനാൽ വഴി വെള്ളമെത്തിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി നടത്തിയ പ്രവർത്തനത്തിലൂടെയാണ് പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് അക്കഡേറ്റ് പാലം വരെ നീളുന്ന 42 കിലോമീറ്റർ മെയിൻ കനാൽ വഴി പൂർണമായും വെള്ളമൊഴുക്കാൻ സാധിക്കുന്ന നിലയിലേക്ക് ഇതിനെ മാറ്റിയെടുക്കാനായത്.

1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്തത്. ഒരു ജലസേചന പദ്ധതിയെന്ന നിലയിലായിരുന്നു തുടക്കം. കുറച്ചുകാലം മെയിൻ കനാൽ വഴിയും ഉപ കനാൽ വഴികളിലൂടെയും വെള്ളമൊഴുക്കാൻ കഴിഞ്ഞെങ്കിലും കാലാകാലങ്ങളിൽ വേണ്ട അറ്റകുറ്റപ്പണികളൊന്നും ഇല്ലാതായതോടെ പദ്ധതി പ്രവർത്തനം താളം തെറ്റി. തുരുമ്പെടുത്ത് ചോർന്നൊലിക്കുന്ന ഷട്ടറുകൾക്ക് പദ്ധതിയിൽ ആവശ്യമായ വെള്ളം ശേഖരിക്കാനുള്ള ശേഷി കുറഞ്ഞു. ഇതിനിടയിലുണ്ടായ കനത്ത മഴയും ഷട്ടർ തുറക്കാനാകാതെ ഉണ്ടായ പ്രളയവും പഴശ്ശിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോയെന്ന നിലയിലാകുകയും നിരവധി വിമര്‍ശനങ്ങളും ഉയർന്നതോടെ സർക്കാർ പദ്ധതിയുടെ മുഴുവൻ ഷട്ടറുകളും പുതുക്കിപ്പണിയാൻ തീരുമാനിക്കുകയായിരുന്നു.

കണ്ണൂർ ജില്ലയുടെ ദാഹാദായിനിയാണ് ചുറ്റും പച്ചപ്പ്‌ തീർത്ത് നിറഞ്ഞു കിടക്കുന്ന പഴശ്ശി ജലാശയം. ജില്ലയിലെ ചെറുതും വലുതുമായ പന്ത്രണ്ടോളം ശുദ്ധജല വിതരണ പദ്ധതികളാണ് പഴശ്ശിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം മെയിൻ കനാലിലൂടെയും 450 തോളം കിലോമീറ്ററോളം വരുന്ന കൈക്കാനാലുകളിലൂടെയും വെള്ളമൊഴുകി തുടങ്ങുക കൂടി ചെയ്താൽ അത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

About The Author