കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി 

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 .01 .2024  വരെ ദീർഘിപ്പിച്ചു.

അധ്യാപക നിയമനം

കണ്ണൂർ സർവകലാശാലയുടെ ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പുകളിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രാമിലേക്ക് അഞ്ചുവർഷ കാലാവധിയിൽ അധ്യാപക നിയമനത്തിന് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

റിസർച്ച് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് & ടെക്‌നോളജി പഠനവകുപ്പിൽ സ്റ്റാർട്ട് അപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: 60 % മാർക്കോട് കൂടി എം എസ് സി വുഡ് സയൻസ് & ടെക്‌നോളജി . ഇന്റർവ്യൂ ഈ മാസം 29 ന് രാവിലെ 11 മണിക്ക്  പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലയുടെ 2022 – 23 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു

കണ്ണൂർ സർവകലാശാലയുടെ 2022 – 23 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡുകളുടെ വിതരണവും എം പി ഡോ. വി ശിവദാസൻ നിർവഹിച്ചു. മികച്ച എൻ എസ് എസ് യൂണിറ്റുകൾ, പ്രോഗ്രാം ഓഫീസർമാർ, മികച്ച വളണ്ടിയർമാർ എന്നിവർക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. ഈ വർഷം പ്രത്യേകം ഏർപ്പെടുത്തിയ ഭവന നിർമാണ പ്രോജക്ട് അവാർഡ്, ഡിജിറ്റൽ ലിറ്ററസി പ്രോജക്ട് അവാർഡ്, ഹെറിറ്റേജ് പ്രോജക്ട് അവാർഡ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്തു. കഴിഞ്ഞവർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് ജേതാക്കളായ എസ് ബി പ്രസാദ്, ഡോ. സുജിത്ത് കെ വി എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിച്ചു. കണ്ണൂർ സർവകലാശാലാ വിദ്യാർത്ഥിക്ഷേമവിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗങ്ങളായ ഡോ. രാഖി രാഘവൻ, ഡോ. കെ ടി ചന്ദ്രമോഹൻ കാലിക്കറ്റ് സർവകലാശാലാ ഇ ടി ഐ കോർഡിനേറ്റർ ഡോ. എൻ എം സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി എം നിഷ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് താവക്കര ക്യാമ്പസിൽ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും നടന്നു.

മികച്ച എൻ എസ് എസ് യൂണിറ്റുകൾ

  • നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  • ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ

  • വി വിജയകുമാർ – നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  • പി കെ നിതിൻ കുട്ടൻ – ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

മികച്ച എൻ എസ് എസ് വളണ്ടിയർമാർ

  1. സവിൻ ഷാജി – ഗവണ്മെന്റ് കോളേജ്, ചൊക്ലി

  2. ശില്പ പ്രദീപ് – ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

  3. എ വൈശാഖ് – ഗവണ്മെന്റ് കോളേജ്, കാസർഗോഡ്

  4. ഇസബെൽ മരിയ – എം ജി കോളേജ് ഇരിട്ടി

  5. പി അഭിരാം – പഴശിരാജ എൻ എസ് എസ് കോളജ്, മട്ടന്നൂർ

  6. അനാമിക ജയരാജ് – നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  7. ടി വി ആദിത്ത് – സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ

  8. ആരുഷി ആൻ ഷാജി – നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്

  9. സിനദിൻ സിദാൻ –  മേരിമാതാ ആർട്സ് & സയൻസ് കോളേജ്, മാനന്തവാടി

  10. വി വൈഷ്ണവി – ഗവണ്മെന്റ് കോളേജ്, കാസർഗോഡ്

  11. ഭവന നിർമാണ പ്രോജക്ട് അവാർഡ് : ഡീപോൾ കോളേജ്, എടത്തോട്ടി

  12. ഡിജിറ്റൽ ലിറ്ററസി പ്രോജക്ട് അവാർഡ്: മാടായി കോപ്പറേറ്റിവ് കോളേജ്

  13. ഹെറിറ്റേജ് പ്രോജക്ട് അവാർഡ്: ഡബ്ള്യൂ എം ഓ ഐ ജി കോളേജ്, പനമരം

നാലുവർഷ ബിരുദം; സർവകലാശാലക്കെതിരായ വാർത്തകൾ അടിസ്ഥാന രഹിതം

2024 – 25 അക്കാദമിക വർഷം മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നാലുവർഷ ബിരുദം നടപ്പിലാക്കുന്നതിനായി കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരു മോഡൽ റെഗുലേഷൻ തയ്യാറാക്കുകയും ഇത് അവലംബമാക്കി സർവകലാശാലകളോട് അവർ നടത്തുന്ന പ്രോഗ്രാമുകൾക്കായുള്ള റെഗുലേഷനുകൾ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കരിക്കുലം/ റെഗുലേഷൻ തയ്യാറാക്കുന്നതിനായി കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിരവധിയായ സെമിനാറുകളും ശില്പശാലകളും നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ ചെയർമാനായും സിന്റിക്കേറ്റംഗങ്ങൾ, പഠനവകുപ്പ് മേധാവികൾ, ഡീൻമാർ കോളേജ് അധ്യാപകർ എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും കരിക്കുലം/ റെഗുലേഷൻ തയ്യാറാക്കുന്നതിനായി നിരവധി സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശില്പശാലകളിലൂടെ നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട റെഗുലേഷൻ തയ്യാറാക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്.  പുതിയ റെഗുലേഷൻ 2023 നവംബർ 14 നു ചേർന്ന പ്രത്യേക അക്കാദമിക്ക് കൗൺസിൽ യോഗത്തിൽ വച്ച് തത്വത്തിൽ അംഗീകരിക്കുകയും സിലബസ് രൂപീകരണ വേളയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ സിലബസ് തയ്യാറാക്കുന്നതിനായി വിഷയാടിസ്ഥാനത്തിൽ എക്സ്പെർട്ട്‍ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് ശില്പശാലകൾ നടന്നുവരുന്നത്.

അറുപതിലധികം വിഷയങ്ങളിലായി സംഘടിപ്പിക്കുന്ന ശില്പശാലകൾ ജനുവരി 15 മുതൽ 17 വരെ, ജനുവരി 24 – 25 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പൂർത്തിയാക്കുക. എക്സ്പെർട്ട്‍ കമ്മിറ്റി അംഗങ്ങൾ, കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിഷയ വിദഗ്ദർ എന്നിവരാണ് ഇതിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി പകുതിയോടെ സിലബസ് പരിഷ്കരണം പൂർത്തിയാക്കി അംഗീകാരത്തിനായി സമർപ്പിക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലുള്ള സ്‌കൂൾ ക്ലസ്റ്ററുകളിൽ ഓറിയെന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സർവകലാശാല പദ്ധതിയിട്ടിട്ടുണ്ട്.

About The Author