കെ സ്മാര്‍ട്ടിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ സ്വീകാര്യത, ജീവനക്കാരുടെ മികച്ച പിന്തുണ ലഭിക്കുന്നു: മന്ത്രി എം ബി രാജേഷ്

നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജീവനക്കാരും പൊതുവില്‍ നല്ല നിലയില്‍ സഹകരിക്കുന്നുണ്ട്. കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനം ജനുവരി 22 ഓടെ സജ്ജമാകും. ഇതോടെ കെ സ്മാര്‍ട്ട് ആദ്യഘട്ടത്തില്‍ നിശ്ചയിച്ച സേവനങ്ങള്‍ പൂര്‍ണതോതിലാകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എത്തി കെ സ്മാര്‍ട്ട് പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യ ഭീതി ഉണ്ടാക്കി കെ സ്മാര്‍ട്ട് പദ്ധതി അട്ടിമറിക്കാനുള്ള ചില തല്‍പ്പര കക്ഷികളുടെ നീക്കം അനുവദിക്കില്ല. ചില ശക്തികളെ പുതിയ സംവിധാനം അലോസരപ്പെടുത്തിയിട്ടുണ്ട്. അവരാണ് പദ്ധതിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. പദ്ധതി പൊളിക്കാന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണും. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുക്കും. ചില നഗരസഭകളില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മടക്കി അയക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങളെ ഇനിയും ആരെങ്കിലും തിരിച്ചയച്ചാല്‍ അവരുടെ പേര് സഹിതം പരാതി നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭകള്‍ പഴയരീതിയിലേക്ക് തിരിച്ചുപോകുന്ന പ്രശ്നം ഉദിക്കുന്നേയില്ല. എന്നാല്‍ പ്രായോഗികമായി ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ അപ്പപ്പോള്‍ സ്വീകരിക്കുന്നുണ്ട്. ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടാണ് പദ്ധതി ആരംഭിച്ചത്. ആവശ്യമായ പരിശീലനവും സാങ്കേതിക സഹായത്തിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണസജ്ജമാകാന്‍ സ്വാഭാവികമായും കുറച്ച് സമയമെടുക്കും. പരിശീലനം എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ സാങ്കേതിക വിദ്യ പരിശീലിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അത് അംഗീകരിക്കാനാവില്ല. എല്ലാവരും പരിശീലനം പൂര്‍ത്തിയാക്കണം.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഹെല്‍പ്പ് ഡെസ്‌ക്കിലെ ജീവനക്കാരോട് കെ സ്മാര്‍ട്ട് പ്രവര്‍ത്തനം സംബന്ധിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി ജനപ്രതിനിധികളും ജീവനക്കാരുമായി സംവദിച്ചത്.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

About The Author