ലൈഫ് പദ്ധതിയില്‍ ആദ്യ പരിഗണന അതിദരിദ്രര്‍ക്ക്: മന്ത്രി എം ബി രാജേഷ്

ലൈഫ് ഭവന പദ്ധതിയില്‍ അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അതിനാവശ്യമായ ക്രമീകരണം നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി രൂപീകരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിദരിദ്രര്‍ക്ക് പ്രാധാന്യം നല്‍കണം. 66006 അതിദരിദ്ര കുടുംബങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം നവംബറില്‍ അതില്‍ 47.8 ശതമാനം പേരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു. അവശേഷിക്കുന്നതില്‍ ഭൂരിഭാഗവും വീടില്ലാത്തവരാണ്. എന്നാല്‍ ഏറ്റവും അര്‍ഹരായ 11000 അതിദരിദ്രര്‍ ഈ പദ്ധതിക്ക് പുറത്തായിരുന്നു. ഇവരെക്കാള്‍ മെച്ചപ്പെട്ടവര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെയാണ് അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ അതിദരിദ്രര്‍ക്കുള്ള പ്ലാന്‍ ഫണ്ടും തനത് ഫണ്ടും കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ ഗ്യാപ്പ് ഫണ്ട് നല്‍കും. രണ്ട് വര്‍ഷം കൊണ്ട് കേരളം അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി മാറും.

തദ്ദേശ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതിലേക്ക് മാത്രം ചുരുങ്ങരുത്. സാമൂഹ്യ നേട്ടങ്ങള്‍ മെച്ചപ്പെടുത്താന്‍ സമ്പത്ത് ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കണം. പ്രാദേശികമായി സംരംഭകത്വം വികസിപ്പിച്ച് തൊഴില്‍ സാധ്യതയുണ്ടാക്കണം. ഈ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാകണം പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി രൂപീകരണം. സര്‍ക്കാര്‍ സ്വരാജ് ട്രോഫിയുടെ മാനദണ്ഡം മാറ്റിയിരിക്കുകയാണ്. പ്ലാന്‍ ഫണ്ട് ചെലവഴിച്ചത് പരിഗണിച്ചാണ് ഇതുവരെ നല്‍കിയത്. ഇനി അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ മാലിന്യ മുക്തം, കേന്ദ്ര ഫണ്ട് വിനിയോഗം തുടങ്ങിയ മുഴുവന്‍ കാര്യവും പരിഗണിക്കും. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനാകണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ അതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ ഇപ്പോഴും ധാരാളം കുറവുകളുണ്ട്. ശുചിത്വം ഉറപ്പാക്കാന്‍ കൃത്യമായ സംവിധാനം വേണം, പേരിന് ഉണ്ടായിട്ട് കാര്യമില്ല. എം സി എഫ് സ്ഥാപിക്കുമ്പോള്‍ ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കാന്‍ ഉതകുന്നതാണോ എന്ന് നോക്കണം. ചിലയിടത്ത് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമുണ്ടെങ്കിലും അത് ഉപയോഗിക്കുന്നില്ല. ബോധവല്‍ക്കണം കൊണ്ട് മാത്രം പലര്‍ക്കും ബോധമുണ്ടാകാത്തതിനാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കും. അതിനായി പഞ്ചായത്ത് രാജില്‍ നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്. സ്ഥലപരിമിതിയുടെ കാര്യം പറഞ്ഞ് ഇനിയാര്‍ക്കും മാലിന്യ പ്ലാന്റ് സ്ഥാപിക്കാതിരിക്കാനാകില്ല. ഭൂഗര്‍ഭ പ്ലാന്റ് ഫലപ്രദമാണെന്ന് തെളിഞ്ഞു. ഇതിന് മുകളില്‍ പാര്‍ക്കിങ്ങും ഗ്രൗണ്ടും ഒക്കെ സാധ്യമാണ്. സര്‍ക്കാരിന് സ്ഥലമുള്ള എല്ലായിടത്തും ഇത്തരം പ്ലാന്റ് സ്ഥാപിക്കും. മാലിന്യ പ്ലാന്റ് ഉള്‍പ്പടെയുള്ള വികസന കാര്യങ്ങളെ എതിര്‍ക്കുന്നവരുണ്ട്. അജ്ഞതയുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. എന്നാല്‍ ചിലയിടത്ത് ഗാലറിക്ക് വേണ്ടി കളിക്കുന്ന ജനപ്രതിനിധികളും സമരം ഉപജീനമാര്‍ഗമാക്കിയവരുമുണ്ട്. ഇവര്‍ക്ക് മുന്നില്‍ മുട്ട് മടക്കേണ്ട കാര്യമില്ല. സമര സമിതിയുടെ പേരില്‍ വന്‍തോതില്‍ പണം പിരിച്ച് ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഒത്തിരിയുണ്ട്.

സംസ്ഥാനത്ത് സംരംഭക വര്‍ഷം ചരിത്ര വിജയമായി. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും 1.30 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി. കേരളത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 91575 കോടിയുടെ നിക്ഷേപവും അഞ്ച് ലക്ഷം തൊഴിലവസരങ്ങളുമുണ്ടായി. ഇതോടെ കേരളം സംരംഭക സൗഹൃദമല്ല, വികസനമില്ല തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ പഴങ്കഥയായി. കേരളം വികസനത്തിന്റെ പുതിയ ഘട്ടത്തിലാണ്. അതാണ് നവകേരളത്തിന്റെ പുതിയ കാഴ്ചപ്പാട്. മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും.

നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍ പറഞ്ഞത് സാമൂഹ്യ നേട്ടത്തിന്റെ കാര്യത്തില്‍ ചൈനയെ വെല്ലാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണെന്നാണ്. കേരളത്തെ ഇന്ത്യയിലെ ഒരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താനാകില്ലെന്നും യൂറോപ്പുമായി മാത്രമെ താരതമ്യപ്പെടുത്താവുവെന്നും കോഴിക്കോട് ഐ എ എം ഡയറക്ടറും പറഞ്ഞിരുന്നു. ഇത് നമ്മുടെ ശേഷിയെയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ കൂട്ടായ്മയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രശ്നം പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കാണ് കൃത്യമായി അറിയാനാകുക. അത് മനസിലാക്കി അര്‍ഹതപ്പെട്ട ഒരാള്‍ക്കും ആനുകൂല്യവും സേവനവും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 2024-25 വര്‍ഷത്തെ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് സി എം കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയാന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

About The Author