യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാനത്തിനാണ് പൂജപ്പുര പൊലീസ് കേസ് എടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും ജയിൽ ജീവനക്കാരുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിനും ജയിലിന് മുന്നിലെ ആഹ്ളാദ പ്രകടനത്തിനുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് ഷെജീർ നേമം ഒന്നാം പ്രതിയും രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതിയുമാണ്. അതേസമയം തനിക്കെതിരെ കേസെടുത്തതിൽ ഒരു പരാതിയുമില്ല എന്ന് പ്രതികരിച്ച് രാഹുല്‍. എത്ര കേസെടുത്താലും ഇടതുപക്ഷ സ‍ർക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരായി സംസാരിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ  പ്രതികരിച്ചു. അമിതാധികാര പ്രയോഗത്തിന്റെ ഭ്രാന്തായിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്. അധികാരം എന്ന് പറയുന്നത് അവരെ വിയോജിക്കുന്നവര്‍ക്കെതിരെ ഏത് രീതിയിലും കേസുകളെടുക്കുക എന്നതാണ് അവരുടെ ശൈലി. ഞങ്ങക്ക് ഒരു പരാതിയുമില്ല. ഞാന്‍ ​ഗൾഫിൽ ജോലിക്കൊന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഏതെങ്കിലും പിഎസ് സി പരീക്ഷയെഴുതിയിട്ട് ജോലി കാത്തുനിൽക്കുന്നയാളല്ലാത്തതു കൊണ്ട് എത്ര കേസെടുത്താലും പ്രയാസമില്ല. ശക്തമായി തന്നെ ഞാനും എന്റെ പ്രസ്ഥാനവും ഈ സ‍ർക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരായി സംസാരിച്ചുകൊണ്ടിരിക്കും. തങ്ങൾക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന് പറയുമ്പോൾ അലോചിക്കണം, ഇതൊരു ജനാധിപത്യ രാജ്യമാണ്. ജയിലിൽ പോകാൻ ഒരു മടിയുമില്ല. എത്രകാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണ്,രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

About The Author