കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കാൺപൂർ ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. പ്രിയങ്ക ജയ്‌സ്വാൾ എന്ന പിഎച്ച്ഡി വിദ്യാർത്ഥിനിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുടുംബം ഫോണിൽ വിളിച്ചിട്ട് എടുക്കാതതായതോടെ ഹോസ്റ്റലുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ പ്രിയങ്കയുടെ റൂമിലെത്തിയപ്പോൾ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കെമിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു വിദ്യാർത്ഥിനി. വിദ്യാർത്ഥിനി ക്യാമ്പസിൽ പിഎച്ച്ഡിക്ക് ചേർന്നിട്ട് 20 ദിവസമെ ആയിട്ടുളളു.

കാൺപൂർ ഐഐടിയിൽ അഞ്ച് ആഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഫോറൻസിക് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കാൺപുർ ഐഐടി അനുശോചനം രേഖപ്പെടുത്തി.

‘പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രിയങ്ക ജയ്സ്വാളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 2023 ഡിസംബറിലാണ് പ്രിയങ്ക ജയ്സ്വാൾ കെമിക്കൽ ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡിക്ക് ചേർന്നത്. വിദ്യാർത്ഥിനിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാൻ പൊലീസ് അന്വേഷണത്തിന് കാത്തിരിക്കുകയാണ്. സമർത്ഥയും കോളേജിന്റെ വാ​ഗ്ദാനവുമായ ഒരു യുവ വിദ്യാർത്ഥിനിയെയാണ് നഷ്ടപ്പെട്ടത്,’ എന്ന് ഐഐടി കാൺപുർ അധികൃതർ പറഞ്ഞു.

കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ രണ്ടു വിദ്യാർത്ഥികൾ ക്യാമ്പസിൽ ജീവനൊടുക്കിയിരുന്നു. ബയോസയൻസ് ആൻഡ് ബയോഎൻജിനീയറിങിന് പഠിച്ചിരുന്ന ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയും എയറോ സ്പേസ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം ചെയ്തിരുന്ന മറ്റൊരു വിദ്യാർത്ഥിനിയുമാണ് ജീവനൊടുക്കിയത്.

About The Author