കണ്ണൂരില്‍ തടവുചാടിയ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയവേ ടിസി ഹര്‍ഷാദാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. അന്വേഷണ സംഘം ഹര്‍ഷാദിനായി ബംഗളൂരുവില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

ഹര്‍ഷാദിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് പ്രത്യേകമായി നിരീക്ഷിച്ച് വരുന്നുണ്ട്. പ്രതിയുടെ നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും അന്വേഷണ സംഘം ഇതോടകം ചോദ്യം ചെയ്തിരുന്നു. ഹര്‍ഷാദ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി ഇയാളുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞതായാണ് വിവരം.

പൊലീസ് ഹര്‍ഷാദിനായി സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി മുന്‍പും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് വിവരം. ജയിലില്‍ ജീവനക്കാരുടെ കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ജയില്‍ അധികൃതരുടെ വാദം.

About The Author