അയോദ്ധ്യയിൽ മദ്യനിരോധനം; 84 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അടച്ചുപൂട്ടി

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ ഉത്തരപ്രദേശ് സർക്കാർ മദ്യവിൽപ്പന നിരോധിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിച്ചതായി എക്‌സൈസ് മന്ത്രി നിതിൻ അഗർവാൾ പറഞ്ഞു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി.

കഴിഞ്ഞ വർഷം ജൂണിൽ അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളിലും പരിസരങ്ങളിലും മദ്യ നിരോധിത മേഖലകളായി യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ മദ്യശാലകളും അടച്ചുപൂട്ടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തതായി അഗർവാൾ കൂട്ടിച്ചേർത്തു.

2018 മുതൽ തന്നെ അയോദ്ധ്യ നഗരത്തിൽ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഫൈസാബാദ് ജില്ലയെ അയോദ്ധ്യയെന്ന് പുനർനാമകരണം ചെയ്ത ശേഷമായിരുന്നു ആവശ്യം ശക്തമായത്.

About The Author