സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽ

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിൻെറ പേര് നിർദേശിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. എക്സിക്യൂട്ടീവിൽ മറ്റ് പേരുകളൊന്നും നിർദ്ദേശിക്കപ്പെടാത്തത് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിന് പിന്നിൽ.

നാളെത്തെ സംസ്ഥാന കൗൺസിലിൽ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായി. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.

അതേസമയം എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്നാകരൻ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. മുല്ലക്കര രത്നാകരന് പകരം എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയാക്കി. പത്തനംതിട്ട സിപിഐയിൽ വിഭാ​ഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

കാനം രാജേന്ദ്രന്റെ വിയോ​ഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതിൽ സിപിഐയിൽ അസ്വാരസ്യങ്ങളുയർന്നിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവായ കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്.

About The Author