കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും; 4 പേര്‍ പിടിയില്‍

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാല് പേര്‍ പൊലീസ് പിടിയില്‍. മണ്ണാര്‍കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി.

വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലും തമ്മിലടിയിലുമെത്തിയത്. പിടിയിലായ അതുല്‍ദേവിന് മറ്റുമൂന്നുപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്.

എന്നാല്‍ ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് കഞ്ചാവ് വിറ്റവര്‍ തന്നെ തിരികെ വാങ്ങി. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തിരുന്നില്ല.

ഇക്കാര്യം സംസാരിക്കുന്നതിന് വേണ്ടി പ്രതികളായ നാല് പേരും കൊച്ചി കോന്തുരുത്തിയില്‍വെച്ച് കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഇവര്‍ തമ്മിലടിച്ചത്. സംഭവം കണ്ടതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. നേരത്തെ സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

About The Author