യുഎൻ രക്ഷാസമിതിയുടെ ഗാസ പ്രമേയം; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് അമേരിക്കയും റഷ്യയും

ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. അമേരിക്കയും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പാസാക്കിയ പ്രമേയത്തിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാഎന്നാണ് റിപ്പോർട്ടുകൾ. പ്രമേയത്തിൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണുള്ളത്.

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പ്രമേയത്തിലെ വാചകത്തിൽ അമേരിക്കയുടെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാൽ അമേരിക്ക വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

വാർത്താവിനിമയബന്ധങ്ങൾ വിച്ഛേദിച്ചശേഷം 390 പേരാണ് വെള്ളിയാഴ്ച്ച വൈകിട്ടുവരെയുള്ള ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 48 മണിക്കൂറിൽ ആണ് ഗാസയിൽ ആക്രമണം നടന്നത്.

ഒക്ടോബർ ഏഴിനുതുടങ്ങിയ യുദ്ധത്തിൽ ഇതുവരെ ഇരുപതിനായിരത്തിലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്‌ അനുസരിച്ച് ആറുമാസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ ഗാസ കൊടുംപട്ടിണിയിലാകുമെന്നും അഞ്ചുലക്ഷംപേർ ദുരിതമനുഭവിക്കുമെന്നും അറിയിച്ചു. ആക്രമണം ആരോഗ്യപ്രവർത്തകർക്കുനേരെയും തുടരുന്നു. റെഡ്‌ ക്രെസന്റ്‌ പറഞ്ഞതനുസരിച്ച് വടക്കൻ മേഖലയിൽ അവരുടെ ആംബുലൻസ്‌ സംവിധാനം ഇസ്രായേൽ സൈന്യം തകർത്തു. ഏറെ നാളായി എട്ട്‌ ജീവനക്കാർ സൈന്യത്തിന്റെ പിടിയിലാണ്‌. വെസ്‌റ്റ്‌ ബാങ്കിലും ഇസ്രയേൽ സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണം തുടരുന്നു. നിരവധി ഒലിവ്‌ മരങ്ങളാണ് വെള്ളിയാഴ്ച കുടിയേറ്റക്കാർ നശിപ്പിച്ചത്. ഇതോടെ മേഖലയിലെ പലസ്തീൻകാർക്ക്‌ നാമമാത്ര വരുമാനമാർഗവും ഇല്ലാതായി.

About The Author