വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ നാടകോത്സവം: ഉദ്ഘാടനം 21ന്

ഹാപ്പിനെസ്സ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകിട്ട് ആറ് മണിക്ക് പ്രസിദ്ധ സിനിമാതാരവും  എം എൽ എ യുമായ  മുകേഷ് നിര്‍വഹിക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. 21, 22 തീയതികളിലായി ധര്‍മശാലയിലെ ഗവ എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിലാണ് നാടകോത്സവം നടക്കുന്നത്. സമാപന ഉദ്ഘാടനം 22ന് വൈകിട്ട് ആറ് മണിക്ക് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നിര്‍വഹിക്കും.
ആദ്യദിനത്തില്‍ കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികള്‍ എന്ന നാടകവും രണ്ടാം ദിനം വള്ളുവനാട് ബ്രഹ്‌മ ടീമിന്റെ രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകവുമാണ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

സംസ്ഥാന ഭൂജല അതോറിറ്റിയുടെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഭൂജല വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് നജീദ സാദിഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), പി രജനി(പായം), കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍(അയ്യന്‍കുന്ന്), പി ശ്രീമതി(തില്ലങ്കേരി), കെ വി മിനി(കീഴല്ലൂര്‍), പി കെ ഷൈമ(കൂടാളി), ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ധനേശന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ വി വി പ്രകാശന്‍, ജല സുരക്ഷ എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി എന്നിവര്‍ ക്ലാസ്സെടുത്തു.

കെയറിങ് കരോള്‍സ്: സമ്മാനങ്ങള്‍ നല്‍കാം

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി സമ്മാനവിതരണം നടത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കെയറിങ് കരോള്‍സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 21 ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് വസ്ത്രം, പുസ്തകം, പേന, കളിപ്പാട്ടം തുടങ്ങിയ സമ്മാനങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഡിസംബര്‍ 30 ന് മുമ്പായി കലക്ടറേറ്റില്‍ എത്തിക്കാം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തും സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്. സമ്മാനങ്ങള്‍ അയക്കേണ്ട വിലാസം: കലക്ടറേറ്, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍
ഫോണ്‍: 9605125092

യുവ കര്‍ഷക സംഗമം

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു.    ജനുവരി 6,7 തീയതികളില്‍ ആലപ്പുഴ കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. 18 നും 40 ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്‍പര്യം ഉള്ളവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തിലോ ഡിസംബര്‍ 31ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0471 2308630.

ഡോക്ടര്‍ നിയമനം: വാക് ഇന്‍ ഇന്റര്‍വ്യൂ 29ന്

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഡിസംബര്‍ 29ന് രാവിലെ 10.30ന് മുമ്പ് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) ഹാജരാകണം.  ഫോണ്‍: 0497 2700194.

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

2018 മെയ് വരെയുള്ള കാലയളവില്‍ നടന്ന അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ട്രെയിനികളില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും പ്രൊവിഷണല്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും ഇതുവരെ കൈപ്പറ്റാത്തവര്‍ ജനുവരി 31നകം ഐ ഡി കാര്‍ഡ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി കണ്ണൂര്‍ ആര്‍ ഐ സെന്ററില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.  നിശ്ചിത തീയതിക്കകം സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയില്ലെങ്കില്‍ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് അപ്രന്റിസ്ഷിപ്പ്  അഡ്വൈസർ  അറിയിച്ചു.  ഫോണ്‍: 0497 2704588.

ഡി ജി പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 10ന്

ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26.
പരാതികള്‍ spctalks.pol@kerala.gov.in എന്ന ഇ മെയിലില്‍ അയക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ  പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേനയല്ലാതെ  നേരിട്ട് പരാതി  നല്‍കാമെന്നതാണ്  അദാലത്തിന്റെ പ്രത്യേകത.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികജാതി വികസന വകുപ്പും തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.  പത്താംതരം മുതല്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  പി എസ് സി, എസ് എസ് സി മുതലായ മത്സര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 28നകം ഫോണ്‍ നമ്പര്‍ സഹിതമുള്ള വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിക്കണം.  ഡിസംബര്‍ 29ന്  പരിശീലനം തുടങ്ങും.  ഫോണ്‍: 0490 2327923.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (323/2022) തസ്തികയിലേക്ക് ജൂണ്‍ 12ന് പി എസ് സി നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

About The Author