കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിനെ വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. നാലാം തവണയാണ് ഇ ഡി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നോട്ടീസ് നൽകുന്നത്. എം എം വർഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.

സിപിഐഎം പ്രാദേശിക നേതാക്കളായ എം ബി രാജു, എ ആർ പീതാംബരൻ എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കരുവന്നൂർ ബാങ്കിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്നും ഇത് വഴി 50 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരുവന്നൂർ ബാങ്കിൽ മാത്രം സിപിഐഎമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന ഇ ഡിയുടെ ആരോപണം. ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി പ്രതികൾ തട്ടിയെടുത്ത പണത്തിന്റെ കമ്മീഷൻ ആണോ ഇതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡിയുടെ രണ്ടാം സമന്‍സിനും ഹൈക്കോടതി സ്റ്റേ നൽകി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് നല്‍കിയ രണ്ടാം സമന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷ് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ സമന്‍സ് ആണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറത്തുള്ള വിവരങ്ങള്‍ തേടിയത് നിയമ വിരുദ്ധമാണ് എന്ന് കാണിച്ച് നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മറുപടി സത്യവാങ്മൂലത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അധികാര പരിധി കടന്ന് ഇ ഡി ഇടപെടുന്നതെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. ഹര്‍ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

About The Author