ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ല; റിപ്പോര്‍ട്ട് കൈമാറി പൊലീസ്

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കത്തിനാണ് മറുപടി. പൊലീസ് മേധാവി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. പൊലീസ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സുരക്ഷയെന്നും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാർഥിപ്രക്ഷോഭം തുടരുന്നതിനാൽ സുരക്ഷ വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച്‌ പൊലീസ്‌ സുരക്ഷ വർധിപ്പിച്ചു. കലിക്കറ്റ്‌ സർവകലാശാലയിൽ വൻ പൊലീസ്‌ സന്നാഹത്തോടെ വന്നിട്ടും വിദ്യാർഥി രോഷം നേരിടേണ്ടി വന്നതും പൊലീസിനെക്കൊണ്ട്‌ അഴിപ്പിച്ച ബാനർ ഒരുമണിക്കൂറിനുള്ളിൽ വീണ്ടും ഉയർന്നതും ഗവർണറെ പ്രകോപിപ്പിച്ചു. പിന്നാലെയാണ്‌ സുരക്ഷ ആവശ്യമില്ലെന്ന്‌ ഗവർണർ പ്രഖ്യാപിച്ചത്‌.

എന്നാൽ, ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ പൊലീസ്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ്‌ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്‌ സുരക്ഷ ഒരുക്കുന്നത്‌. സെഡ്‌ പ്ലസ് കാറ്റഗറി പ്രകാരമുള്ള സുരക്ഷ ഒരുക്കാതിരിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സെഡ്‌ പ്ലസ്‌ സുരക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോടാണ്‌ ഗവർണർ ആവശ്യപ്പെടേണ്ടതെന്നും അല്ലാത്തിടത്തോളം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പ്രതികരണങ്ങൾക്കപ്പുറം നിയമസാധുതയില്ലെന്നും വിദഗ്‌ധർ പറയുന്നു.

About The Author