തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും.

മഴക്കെടുതിയിൽ 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ തിരുനെൽവേലി ജില്ലയിലും മൂന്നു പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ മാധ്യമങ്ങളെ അറിയിച്ചു.

മഴ കടുത്ത സാഹചര്യത്തിൽ 160 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകൾ ആളുകൾക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും എത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഒമ്പത് ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റർ കൂടി രക്ഷാപ്രവർത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും.

വെള്ളക്കെട്ടിനെ തുടർന്ന് ശ്രീവൈകുണ്ടത്ത് ട്രയിനിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും ഇന്നലെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ഇതുവരെ പത്ത് പേരാണ് നാല് ജില്ലകളിലായി മരിച്ചത്.

About The Author