പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; ലോക്സഭയിൽ വീണ്ടും 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച 50 എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്പെൻഡ് ചെയ്തത്. ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാം​ഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

മൂന്ന് എംപിമാർക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സസ്പെൻഷൻ തുടരും. ബാക്കി ഉള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.

About The Author