ഷബ്‌നയുടെ മരണം: നാല് പേരുടെ ജാമ്യാപേക്ഷ തള്ളി

ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി. ജീവനൊടുക്കിയ ഷെബിനയുടെ ഭർത്താവ് ഹബീബ്, അമ്മാവൻ ഹനീഫ, ഭർതൃ മാതാവ് നഫീസ, ഭർതൃ സഹോദരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഭർതൃപിതാവിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

ഭർതൃമാതാവിൻ്റെയും ഭർതൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ഷെബിനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബം എടച്ചേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഭർതൃവീട്ടിൽ വച്ച് ഷെബിനയെ ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷെബിന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഷെബിനയുടെ സഹോദരിയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

ഷബ്‌നയുടെ മരണത്തിൽ വനിതാ കമ്മീഷനും പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്നും ഷബ്‌നയുടെ വീട്ടിൽ എത്തിയ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേർത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.

About The Author