പാർലമെൻ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോൺ നശിപ്പിച്ചതായി മൊഴി

പാർലമെൻ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോൺ ലളിത് ഝാ അവരുടെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നുവെന്ന് പൊലീസ്. ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈൽ ഫോണുകൾ നശിപ്പിച്ചതായാണ് ലളിത് ത്സാ മൊഴി നൽകിയിരിക്കുന്നത്. നാലുകൂട്ടാളികൾ അറസ്റ്റിലായതിന് പിന്നാലെയാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചതെന്നാണ് മൊഴി. രാജസ്ഥാനിൽ വച്ചാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചത്. സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെ ഫോൺ നശിപ്പിച്ചെന്നാണ് ലളിത് ഝായുടെ മൊഴി.

ഫോൺ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനൽകിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ മഹേഷ്‌ എന്നയാളും ലളിത് ഝായുടെ സംഘത്തിൻ്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മഹേഷിൻ്റെ അമ്മ അത് തടയുകയായിരുന്നു. മഹേഷും ബന്ധു കൈലാഷുമാണ് രാജസ്ഥാനിൽ ലളിത് ത്സായെ മൊബൈൽ ഫോൺ നശിപ്പിക്കാൻ സഹായിച്ചത്. മഹേഷിന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് സൂചന. പ്രതികൾ അവസാന രണ്ടാഴ്ച ബന്ധപ്പെട്ട 50ഓളം ഫോൺ നമ്പറുകളും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുണ്ട്.

About The Author