‘മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

0

മുകേഷ് എംഎൽഎയ്‌ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

നേരത്തെ മുകേഷിനെതിരെ തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് ശേഷമായിരുന്നു മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. ശേഷം സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല എന്ന കാരണത്താൽ പരാതി പിൻവലിക്കുമെന്ന് നടി പറഞ്ഞെങ്കിലും, ആ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *