എ.ഡി.എമ്മിന്റെ മരണം; പി.പി.ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല, സി.പി.എം. സമ്മേളനത്തില്‍ വിമര്‍ശനം
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പി പി ദിവ്യയ്ക്ക് വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം.
കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. പെട്രോൾ പമ്പിനായി ഗോപിനാഥ് ഇടപെട്ടിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഗോപിനാഥ് ആരോപണം നിരസിച്ചിരുന്നു.
യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. യാത്രയപ്പ് ദിനത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.
പി പി ദിവ്യയുടെ പ്രസംഗം കൂടാതെ തുടര്‍ഭരണത്തിലെ രാഷ്ട്രീയ പ്രതിസന്ധി, ഇ പി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച, ആത്മകഥാ വിവാദം, മനു തോമസ് ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങൾ, നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജന്‍ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജന്‍ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.