DCC ട്രഷററുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ട് കുടുംബം; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ

0

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ കത്തിലുണ്ട് എന്നാണ് വിവരം.

നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നുണ്ട്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തിൽ പറയുന്നുണ്ട്.

എന്നാൽ പൊലീസ് കുറിപ്പിനെപ്പറ്റി കൃത്യമായി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കട്ടെ എന്നുമാണ് കുറിപ്പ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഐ സി ബാലകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞത്. പണം വാങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും തന്റെ രാജി പാർട്ടി തീരുമാനിക്കുമെന്നു ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

കൽപ്പറ്റ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് കത്ത് പുറത്തുവരുന്നത്. നിയമന കോഴ വിവാദങ്ങൾ അടക്കം അന്വേഷണപരിധിയിൽ വരും. ഒന്നരകോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് വിജയൻ പറഞ്ഞിരുന്നു. ഇതോടെ കേസിൽ ആരോപണവിധേയനായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും കുരുക്ക് മുറുകും. അന്വേഷണം തുടങ്ങിയതായി വിജിലൻസ് ഡിവൈഎസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര നിയമന ആരോപണങ്ങൾ പുറത്തുവരുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഉടമ്പടി റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രേഖകൾക്കും എതിരെ ഐ സി ബാലകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നീതിയുക്തമായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *