സർക്കാർ ജീവനക്കാരുടെ സമരം; വട്ടിയൂർക്കാവ് എൽപി സ്കൂളിന് അവധി നൽകി അധികൃതർ, പ്രധാനാധ്യാപകന് സസ്പെൻഷൻ
വട്ടിയൂർക്കാവ് എൽപി സ്കൂളിന് അനധികൃതമായി അവധി നൽകിയ സംഭവംത്തിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ജിൽ ജോസിനെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ അനുവാദം കൂടാതെ അവധി നൽകിയതും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തെത്തുടർന്നാണ് അധികൃതർ സ്കൂളിന് അവധി നൽകിയത്. വട്ടിയൂർക്കാവ് എൽപി സ്കൂളിനാണ് അവധി നൽകിയത്. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു.
ക്ലാസ് നടക്കുന്നുണ്ടോ എന്നറിയാൻ എഇഒ എത്തിയിരുന്നു. സ്കൂളിൻ്റെ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ബന്ധപ്പെട്ടവരെ അറിയിച്ച് റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.