സാങ്കേതിക പ്രശ്നം; സ്‌പേസ് ഡോക്കിങ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി ഐഎസ്ആർഒ

0

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും ഇടയിൽ PSLV -C60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും.

ഡിസംബർ 30ന് പിഎസ്എൽവി സി 60 യിലാണ് സ്പാഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. ദൗത്യം വിജയിച്ചാൽ സ്‌പെയിസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഐഎസ്ആർഒ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ ഉയരത്തിൽ ഡോക്ക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഗഗൻയാൻ ഹ്യുമൻ സ്പേസ് ഫ്ളൈറ്റ്, ചാന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയുടെ വരുംകാല ദൗത്യങ്ങൾക്ക് സ്പേസ് ഡോക്കിങ് ആവശ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *