ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും

0

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിശദമായ വാദം കേട്ടിരുന്നു. അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍പഠനത്തിന് ആഗ്രമുണ്ടെന്നും പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്മയും കോടതിയെ അറിയിച്ചിരുന്നു.

ഗ്രീഷ്മയ്ക്ക് ചെകുത്താന്‍ ചിന്തയെന്നാണ് ശിക്ഷ വിധിയില്‍ തീ പാറും വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ വധശിക്ഷ എങ്ങനെ നല്‍കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലന്‍ കുമാര്‍ തെളിവ് നശിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെന്നും ചില രേഖകള്‍ ഹാജരാക്കി കഴിഞ്ഞ ദിവസം ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ ഏകമകളാണെന്നും മനസാന്തരപ്പെടാന്‍ അവസരം നല്‍ണമെന്നും ഗ്രീഷ്മ പറഞ്ഞു.

ഷാരോണിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ പലതരത്തില്‍ ശ്രമിച്ചിട്ടും കഴിയാത്തതിനെ തുടര്‍ന്നു ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഗ്രീഷ്മ അതിനു കഴിയാത്തതിനാലാണ് കൊല ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നു പ്രതിഭാഗവും വാദിച്ചു. എന്നാല്‍ പ്രേമം നടിച്ചു വിശ്വാസം ആര്‍ജിച്ച ശേഷം കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത് പൈശാചിക പ്രവര്‍ത്തിയായിരുന്നുവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാറും വാദിച്ചു. ഇംഗ്‌ളീഷിലും സാങ്കേതിക വിദ്യയിലുമുള്ള അറിവ് പ്രതി ഗ്രീഷ്മ ദുരുപയോഗം ചെയ്തത് വിഷത്തിന്റെ പ്രവര്‍ത്തന രീതി പഠിക്കാനായിരുന്നു.

ചുണ്ട് ഉള്‍പ്പടെ വിണ്ടു കീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാര്‍ന്നു 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോണ്‍ മരിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിനു വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും നീതികരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് കോളിളക്കമുണ്ടാക്കിയ കേസില്‍ വിധി പറയുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *