വളക്കൈ സ്കൂൾ ബസ് അപകടം: കാരണം ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് സസ്പെൻ‍ഡ് ചെയ്യും

0

വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്‌തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എംവഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ നേരത്തെ അറിയിച്ചിരുന്നു.

വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേദ്യപഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ 18 കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *