ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കേസെടുത്ത് അന്വേഷിക്കാന്‍ എസ്ഐടിക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹൈക്കോടതിയിലെ ഹര്‍ജിക്കാരനായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

കേസെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് രണ്ട് പ്രമുഖ നടിമാരും ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റും നല്‍കിയ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയില്‍ വരും. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമ നടപടികളെ വഴിതിരിച്ചുവിടാനാണ് സജിമോന്‍ പാറയിലിന്റെ ശ്രമമെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്റെ വാദം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് സജിമോന്‍ പാറയില്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടുവെന്നുമാണ് വനിതാ കമ്മീഷന്റെ നിലപാട്. ഇരകള്‍ക്ക് പരാതിയില്ലെങ്കിലും പുതിയ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസെടുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചത്.

ഇരകള്‍ക്ക് വേണ്ടി ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാള്‍ പ്രധാനമാണ് കമ്മിറ്റിക്ക് മുന്നില്‍ ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *