സെയ്ഫ് മകനെ രക്ഷിക്കാൻ ശ്രമിച്ചു, അക്രമി വീട്ടിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല; കരീനയുടെ മൊഴി പുറത്ത്
നടന് സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ നടിയും പങ്കാളിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് കരീന മൊഴി നല്കി. മകനെ രക്ഷിക്കാനാണ് സെയ്ഫ് ശ്രമിച്ചതെന്നും കരീന പറഞ്ഞു. മോഷണത്തിന് മുതിരാതെ അക്രമി സെയ്ഫിനെ ആറ് തവണ കുത്തുകയായിരുന്നുവെന്നും കരീന പറഞ്ഞു.
സംഭവ സമയത്ത് കരീനയും മക്കളും സുരക്ഷയ്ക്ക് വേണ്ടി 12-ാം നിലയിലേക്ക് കയറി നിന്നുവെന്നും കരീന പറഞ്ഞു. മുംബൈയിലെ ബാന്ദ്രയില്‍ സത്ഗുരു ശരണ്‍ ബില്‍ഡിങ്ങിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കരീന ഞെട്ടലിലാണെന്നും നടിയും സഹോദരിയുമായ കരിഷ്മ കപൂര്‍ കരീനയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോയെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സല്മാന് ഖാന്റെയും കരീനയുടെയും വസതിയിലും കരിഷ്മയുടെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതിയെ ഇതുവരെ പിടികൂടാന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിയതിൻ്റെ മൂന്നാമത്തെ ദിവസമാണ് പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ അക്രമിയുടേതായി പുറത്ത് വന്ന ചിത്രങ്ങളിൽ ധരിച്ചിരുന്ന വസ്ത്രമല്ല പുതിയതായി പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളുള്ളത്. ആക്രമണം നടന്നതിൻ്റെ പിറ്റേദിവസം പുറത്ത് വന്ന ചിത്രത്തിൽ അക്രമകാരി നീല നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരുന്നത്. എന്നാൽ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ ആക്രമണം നടത്തിയ ദിവസത്തെ ചിത്രങ്ങളിൽ പ്രതി കറുത്ത ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രങ്ങളിൽ പ്രതി ധരിച്ചിരിക്കുന്നത് മഞ്ഞ ടീ ഷർട്ടാണ്
കുറ്റകൃത്യത്തിനുശേഷം പ്രതി വസ്ത്രം മാറി. പ്രതി ഹെഡ്ഫോണ് വാങ്ങുന്ന ദൃശ്യങ്ങളും നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്ര എന്ന കടയില്‍ നിന്നാണ് ഹെഡ്ഫോണ് വാങ്ങിയത്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഗുജറാത്തിലേക്കും കൂടി വ്യാപിപ്പിച്ചു. പ്രതി ട്രെയിന്‍ കയറി ഗുജറാത്തിലേക്ക് കടന്നതായാണ് സംശയം. അതുകൊണ്ട് റെയില്‍വേ സ്റ്റേഷന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച സെയ്ഫിൻ്റെ വീട്ടിലെ ജോലിക്കാരി ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നടന്റെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.