രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലെക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.
കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായിബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും തര്‍ക്കം പതിവായിരുന്നു. ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെ എത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആർലെകർ കേരളത്തിൽ ഗവർണറായി ചുമതലയേൽക്കുന്നത്. ബിഹാർ ഗവർണർ ആയിരിക്കെ ചാന്‍സലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ആർലെകർ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പട്‌ന സര്‍വകലാശാലയുടെ പരിപാടിയ്ക്കിടെയായിരുന്നു വിമര്‍ശനം. രാജ്ഭവനും സര്‍ക്കാരും സ്ഥാപനങ്ങളും ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പുരോഗതി ഉണ്ടാകില്ല എന്ന കാഴ്ചപ്പാട് അന്ന് ആര്‍ലെകര്‍ ശക്തമായി അവതരിപ്പിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരത്തെ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങളിൽ ആർലെകറുടെ നിലപാട് നിർണായകമാകും.