യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിൽ: മുഖ്യമന്ത്രി
യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യം മേഖല കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ അതെല്ലാം പൂർണ്ണമായും മാറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സർക്കാർ മേഖലയിൽ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു.2200 കോടിയാണ് ഇപ്പോൾ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നൽകുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 665 കോടി രൂപയായിരുന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2016ന് ശേഷമുള്ള കാലം കേരളത്തിന്റെ മാറ്റത്തിന്റെ കാലമായിരുന്നു. നടക്കില്ല എന്ന് കരുതിയ പലതും നടത്തിക്കാട്ടിയ കാലമായിരുന്നു അത്. വ്യവസായങ്ങളെ ചുവപ്പ്നാട മുറിച്ച് സ്വീകരിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാരെന്നും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേരളം നടത്തുന്ന മുന്നേറ്റം ആർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2016 നെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 ൽ നിന്ന് ആറായിരത്തിലധികമായി മാറി. തൊഴിലവസരങ്ങളും ക്രമാതീതമായി വർദ്ധിച്ചു.ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകൾ. 2016 കാർഷിക മേഖല തകർന്നു കിടക്കുകയായിരുന്നു.നെൽകൃഷി രണ്ടര ലക്ഷം ഹിക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു.യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാളികേര കർഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. കൊവിഡ് കാലത്ത് പിപിഇ കിറ്റ് സംഭരിക്കാനാണ് ശ്രമിച്ചത്. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു.
രണ്ട് തവണയാണ് രോഗത്തെ കേരളം അതിജീവിച്ചത്. ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല, വെൻ്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.