പയ്യാമ്പലം വഴിയോര വിശ്രമ കേന്ദ്രം; പ്രവൃത്തി ഉദ്ഘാടനം നടന്നു
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പയ്യാമ്പലം ബീച്ചില്‍ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വ്വഹിച്ചു. 2022-23 ല്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തീരദേശ നിയന്ത്രണ അതോറിറ്റിയും അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും അതിനനുസരിച്ച് രൂപരേഖയില്‍ മാറ്റം വരുത്തിയതിനാലുമാണ് പ്രവൃത്തി ആരംഭിക്കാന്‍ വൈകിയത്. ഇപ്പോള്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മേയര്‍ പറഞ്ഞു. ടോയ്ലറ്റ് കോംപ്ലക്സും കഫ്റ്റീരിയയും വിശ്രമ മുറിയും അടങ്ങുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തില്‍ 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നഗരസൗന്ദര്യവത്ക്കരണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, വി കെ ശ്രീലത, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, അഷറഫ് ചിറ്റുള്ളി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജസ്വന്ത് എം സി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി വത്സന്‍, കോണ്‍ട്രാക്ടര്‍ മനോജ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.