പത്തനംതിട്ട പീഡനം; അറസ്റ്റിലായവരുടെ എണ്ണം 43 ആയി
കായികതാരമായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ്കുമാർ. കേസിൽ 58 പ്രതികളാണ് ഉളളത്. ഇതുവരെ അറസ്റ്റിലായത് 43 പേരാണെന്നന്നും എസ് പി വ്യക്തമാക്കി. പ്രതികളിലൊരാൾ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കും. കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. കേസ് അന്വേഷണം പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
42 പേർ പ്രതികളായ സൂര്യനെല്ലി കേസിനേക്കാൾ ക്രൂരമായ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മാത്രം പത്ത് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആറു പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.