ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ
കലൂര്‍ സ്റ്റേഡിയത്തിൽ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണു പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. കേസിൽ അഞ്ച് പേരെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവ് പറയും.
കൊച്ചിയിൽ നടന്ന പരിപാടിയിൽ നിരവധി പ്രശന്ങ്ങൾ പൊലീസ് ചൂണ്ടികാട്ടിയിരുന്നു. സ്റ്റേഡിയം വാടകയ്ക്ക് എടുക്കാൻ ഒപ്പിട്ട് നൽകിയത് മൃദംഗ വിഷൻ എം ഡിയായ നിഗോഷ് കുമാറാണെങ്കിലും അനുമതി പത്രം ഉൾപ്പടെ കൈപറ്റിയത് കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇവന്‍റ് മാനേജ്മെന്‍റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറായിരുന്നു. ഇത്തരത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളെ ഏൽപ്പിച്ചെങ്കിലും യാതൊരു ഔദ്യോഗിക രേഖകളും സംഘാടകരുടെ കൈയിൽ ഇല്ല. ഈ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം യഥാർഥ ഗിന്നസ് റെക്കോർഡ് തന്നെയാണോ നൽകിയതെന്ന് അറിയാനും ഇതിനായി കൊച്ചിയിലെത്തിയവർ യോഗ്യരാണോ എന്നും സംഘം അന്വേഷിച്ച് വരികയാണ്.