വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
പി എസ് സി ഇന്റര്‍വ്യൂ
കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലാ ആഫീസുകളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ ഇതിനോടകം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്ആര്‍ ഫോര്‍ എസ്സി/എസ്ടി ആന്റ് എസ്ടി മാത്രം) (കാറ്റഗറി നമ്പര്‍: 306/2020) തസ്തികയിലേക്ക് 2022 ജനുവരി 11 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഇ ഡബ്ല്യു എസ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണം
എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാംസ് ആന്റ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന സാധുതയുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ജനുവരി 31 നകം രജിസ്‌ട്രേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ നേരിട്ടോ ദൂതന്‍ മുഖേനയോ തൃപ്പുണിത്തുറ മിനിസിവില്‍ സ്റ്റേഷനിലുള്ള ഓഫീസില്‍ ഹാജരാകണം.
ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആട് ഫാമില്‍ വളര്‍ത്തി വരുന്ന എട്ട് മുട്ടനാടുകളെ ജയില്‍ പരിസരത്ത് ജനുവരി 29 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0497 2746141, 2747180
തലശ്ശേരിയിലെ കണ്ണൂര്‍ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ജനുവരി 25 ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പത്ത് കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിന്‍ ജം ദാര്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാകും. അഡ്വ എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയുടെയും ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിക്കും. നിയമ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് എ.കെ. ജയകൃഷ്ണന്‍ നമ്പ്യാറും ഐ.ടി ട്രെയ്നിംഗ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി. ആര്‍. രവിയും നിര്‍വഹിക്കും. ഗവ. പ്ലീഡറുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും ഓഫീസ് ഉദ്ഘാടനം വ്യവസായം-നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിക്കും. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിക്കും.
ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് സ്വാഗതം പറയും. ഷാഫി പറമ്പില്‍ എം.പി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി കരുണാകരന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. സജീവന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ സിക്രട്ടറി അഡ്വ. ജി.പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതാണ് എട്ടുനിലകളിലായി നിര്‍മ്മിക്കുന്ന ഒറ്റ കെട്ടിടത്തിലാക്കുക. പുതുതായി പണിത കെട്ടിടത്തില്‍ 136 മുറികളുണ്ട്. പടിഞ്ഞാറന്‍ കാറ്റും വെളിച്ചവും എല്ലാ മുറികള്‍ക്കകത്തും എത്തുന്ന രീതിയിലാണ് നിര്‍മാണം. കോടതിയിലെത്തുന്ന സാക്ഷികള്‍ക്കുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിട സമുച്ചയത്തില്‍ കോടതികളില്‍ എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അഭിഭാഷകര്‍ക്കും വനിത അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും പ്രത്യേക വിശ്രമ മുറികളും മികച്ച ലൈബ്രറി സൗകര്യവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്‍പെടെ ഉപയോഗിക്കാന്‍ ശീതീകരിച്ച ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ 80 ലക്ഷം രൂപ ചിലവില്‍ സോളാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.
1802 ല്‍ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയുടെ ജുഡീഷ്യല്‍ ആസ്ഥാനമായ തലശ്ശേരി കോടതിയില്‍ നിലവില്‍ 14 കോടതികളാണുള്ളത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് പുറമെ നാല് അഡീഷനല്‍ ജില്ലാ കോടതികള്‍, കുടുംബ കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍, പോക്‌സോ സ്‌പെഷല്‍ കോടതി, രണ്ട് അസിസ്റ്റന്റ് സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേറ്റ് കോടതി രണ്ട് മജിസ്‌ട്രേട്ട് കോടതികള്‍ എന്നിവയാണ് പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കോടതിക്കും വ്യവസായ ട്രൈബ്യൂണലിന്റെ കേമ്പ് സിറ്റിങ്ങിനും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായി അനുവദിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനും മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലയിലെ എന്‍.ഡി.പി.എസ് കോടതിക്കും തലശ്ശേരി കോടതി കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെഷന്‍സ് കോടതി മുന്‍സിഫ് കോടതി, സി. ജെ. എം കോടതി എന്നിവ നിലവിലെ കെട്ടിടത്തില്‍ തന്നെ തുടരും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജഡ്ജ് നിസാര്‍ അഹമ്മദ്, അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജെ. വിമല്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി കരുണാകരന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ സജീവന്‍, സെക്രട്ടറി ജി.പി ഗോപാലകൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.
ദേശീയ സമ്മതിദായക ദിനാഘോഷം ശനിയാഴ്ച
ദേശീയ സമ്മതിദായക ദിനാഘോഷം ജനുവരി 25 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റില്‍ നടക്കും. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ സിനിമാ താരം അഭിരാമി ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്യും. എഡിഎം സി പദ്മചന്ദ്ര കുറുപ്പ് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പാലിവാല്‍ എന്നിവര്‍ സമ്മാനദാന വിതരണം നടത്തും. ജനാധിപത്യ പ്രക്രിയയില്‍ സമ്മതിദായകാവകാശത്തിന്റെ മഹദ് സന്ദേശമുയര്‍ത്തി വൈകീട്ട് ആറിന് കലക്ടറേറ്റ് പരിസരത്ത് ‘ക്യാന്‍ഡില്‍ ലൈറ്റ് വാക്’ പരിപാടിയും സംഘടിപ്പിക്കും.
പുഷ്പോത്സവം; കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു
കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ടി.ഒ വിനോദ് കുമാര്‍ അധ്യക്ഷനായി. പി.പി ചിത്രലേഖ ക്ലാസെടുത്തു. പി.കെ മോഹനന്‍, സി വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു പാചക, ഓലമെടയല്‍, കൊട്ട മെടയല്‍ മത്സരങ്ങളും ശ്രീലക്ഷ്മി ഡാന്‍സ് ആന്റ് മ്യൂസിക്കിന്റെ ഡാന്‍സ് ഫെസ്റ്റും അരങ്ങേറി.
പുഷ്പോത്സവം; മാധ്യമ അവാര്‍ഡിന് 28 വരെ അപേക്ഷിക്കാം
കണ്ണുര്‍ പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം
ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന്‍ സമര്‍പ്പിക്കണം. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങളില്‍ പ്രത്യേകം പുരസ്‌കാരം ഉണ്ടായിരിക്കും. 10000 രൂപയും ശില്‍പവുമാണ് പുരസ്‌കാരമായി ലഭിക്കുക. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ മൂന്നു വീതം കോപ്പിയും ദൃശ്യ-ശ്രവ്യ മേഖലകളിലെ വാര്‍ത്തയുടെ സി ഡി/പെന്‍ഡ്രൈവ് സഹിതം നല്‍കണം.
പുഷ്പോത്സവ നഗരിയില്‍ ഇന്ന് (25/1)
പുഷ്പോത്സവത്തിന്റെ ഭാഗമായി ജനുവരി 25 ശനിയാഴ്ച രാവിലെ 10 മുതല്‍ കുട്ടി കര്‍ഷക സംഗമവും കാര്‍ഷിക ക്വിസ് മത്സരവും കൃഷിപ്പാട്ടും നടക്കും. ഉച്ചക്ക് രണ്ടിന് പാചക മത്സരം: ഇളനീര്‍ ഹല്‍വ, കല്ലുമ്മക്കായ അച്ചാര്‍. വൈകുന്നേരം നാലിന് മുഖാമുഖം ഛായാചിത്രരചനാ മത്സരം തുടര്‍ന്ന് ‘ഗായത്രീയം 25’ നൃത്ത സംഗീത പരിപാടി.
കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉൽപ്പന്ന നിർമാണത്തിനും വിപണനത്തിനും വേണ്ടിയുള്ള പ്രവർത്തന മൂലധന വായ്പ പദ്ധതിക്കും (പിഡബ്ല്യുസിഎൽ) വനിതാ അയൽക്കൂട്ടം ഗ്രൂപ്പുകൾക്കായി സ്വയം സഹായ ഗ്രൂപ്പ് വായ്പ പദ്ധതിക്കും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.keralapottery.org സന്ദർശിക്കുക.
ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി
തലശ്ശരി കെ.എസ്.ആർ.ടി.സി വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. ജനുവരി 26ന് വയനാട്, പൈതൽമല, ജനുവരി 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഫെബ്രുവരി ഏഴിന് വാഗമൺ മാംഗോ മെഡോസ്, ഫെബ്രുവരി 14 ന് മൂന്നാർ, ഫെബ്രുവരി 16ന് വയനാട് ജംഗിൾ സഫാരി, ഫെബ്രുവരി 28ന് ഗവി എന്നിങ്ങനെയാണ് യാത്രകൾ. ഫോൺ: 9497879962.
വൈദ്യുതി ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം 28ന്
കെസിസിപി ലിമിറ്റഡ് പാപ്പിനിശ്ശേരി ആസ്ഥാനമന്ദിരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സിഎൻജി (ഗ്യാസ്) സംവിധാനത്തിന്റെയും വൈദ്യുതി ചാർജിങ് സ്റ്റേഷന്റെയും ഉദ്ഘാടനം ജനുവരി 28ന് രാവിലെ 11.30 ന് കമ്പനി ചെയർമാൻ ടി.വി.രാജേഷ് നിർവ്വഹിക്കും. ജനപ്രതിനിധികൾ, കമ്പനി ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001, ചട്ടങ്ങൾ 2002, ഭേദഗതി നിയമം 2013 എന്നിവ പ്രകാരമുള്ള കണ്ണൂർ ജില്ലയിലെ റിവർ മാനേജ്‌മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്‌പെഷ്യൽ ടിഎസ്ബി-4) 2022 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 22 വരെ ക്വട്ടേഷൻ സ്വീകരിക്കും.