വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ലൈബ്രറി ഉദ്ഘാടനം മൂന്നിന്
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആയുർവേദ ആശുപത്രിയിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജനുവരി മൂന്നിന് ഉച്ച 2.30ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി നിർവഹിക്കും.
സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും, എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിംഗ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമാണ് പരിശീലനം നൽകുക. എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലാണ് പത്ത് മാസത്തെ പരിശീലനം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമാണ്. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ വ്യവസായ ശാലകളിൽ നിയമനം ലഭിക്കുന്നതിന് സഹായം നൽകും. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 13ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700596
ശ്രമിക് സുരക്ഷാ യോജന ഇൻഷുറൻസ് പദ്ധതി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളെ അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന (എഎസ്എസ്വൈ) ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാൻ ഐപിപിബി (ഇന്ത്യ പോസ്റ്റ് പേയ്മെന്റ്ബാങ്ക്) അക്കൗണ്ട് തുടങ്ങാനായി തപാൽ വകുപ്പും ക്ഷേമനിധി ബോർഡും ചേർന്ന് ക്യാമ്പുകൾ നടത്തുന്നു. ജനുവരി രണ്ടിന് കരിങ്കൽകുഴി, മയ്യിൽ, മട്ടന്നൂർ, മമ്പറം, തലശ്ശേരി, തളിപ്പറമ്പ്, എരിപുരം എന്നിവിടങ്ങളിലും മൂന്നിന് കമ്പിൽ, ഇരിട്ടി, പേരാവൂർ, ആലക്കോട്, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പിണറായി, ശ്രീകണ്ഠാപുരം, മുല്ലക്കൊടി എന്നിവിടങ്ങളിലുമാണ് ക്യാമ്പുകൾ. എല്ലാ കള്ള് വ്യവസായ തൊഴിലാളികളും തൊഴിലാളിയുടെയും അവകാശിയുടെയും ആധാർ കാർഡ്, മൊബൈൽ ഫോൺ, 200 രൂപ, ക്ഷേമനിധി കാർഡ്, ക്രെഡിറ്റ് സ്ലിപ്പ് എന്നിവയുമായി ക്യാമ്പിൽ പങ്കെടുത്ത് ഐപിപിബി അക്കൗണ്ട് തുടങ്ങി വിവരങ്ങൾ ക്ഷേമനിധി ഉദ്യോഗസ്ഥനെ ഏൽപിക്കണം. നേരത്തെ തന്നെ അക്കൗണ്ട് തുടങ്ങിയവർ വിവരങ്ങൾ ജനുവരി മൂന്നിനകം ക്യാമ്പുകളിലോ ക്ഷേമനിധി ഓഫീസിലോ ഏൽപിക്കണം. ഫോൺ : 04972705182
ടെണ്ടർ ക്ഷണിച്ചു
പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള നാല് പഞ്ചായത്തുകളിലെ 134 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തികവർഷത്തെ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 ഉച്ചക്ക് 12 വരെ.