എന്‍.എം.വിജയന്റെ മരണം; ഐ.സി.ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരണത്തില്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്. കെ.കെ.ഗോപിനാഥൻ എന്നിവരും കേസിൽ പ്രതികളാണ്. നേരത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനേ തുടർന്ന് സിപിഎമ്മിലെത്തിയ പരേതനായ പി. വി.ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. എൻ.എം.വിജയൻ നേതാക്കൾക്കയച്ച കത്തിലും ആത്മഹത്യാക്കുറിപ്പിലും കോൺഗ്രസ് നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെട്ടതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു.
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ കോഴ വാങ്ങിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്.
വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യാക്കുറിപ്പിൽ ആരോപണമുണ്ട്.ഡിസംബര്‍ 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും വിഷം കഴിച്ച നിലയിൽ മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു.