പ്രവാസികൾക്കായി സംസ്ഥാനത്ത് വ്യവസായ പാർക്ക് ആരംഭിക്കും; മന്ത്രി പി രാജീവ്
പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്കായി നിക്ഷേപവാതിൽ തുറന്നിടുകയാണ് സംസ്ഥാനസർക്കാർ. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസി വ്യവസായപാർക്കിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. 100 കോടി മുതൽ മുടക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയമുൾപ്പെടെ നൽകും. ആകെ തുകയുടെ 10 ശതമാനം മാത്രം ആദ്യം നൽകിയാൽ മതിയാവും. അമ്പത് കോടിക്കും നൂറ്കോടിയ്ക്കുമിടയിൽ മുതൽ മുടക്കുന്നവർ 20 ശതമാനം ആദ്യം നൽകിയാൽ മതിയാവും ബാക്കി തുക പിന്നീട് തവണകളായി അടച്ചാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ നിക്ഷേപ സംഗമത്തിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാർറിയും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട് .
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസ്സഫലി പി.വി അബ്ദുൽ വഹാബ് എംപിഡോ. ആസാദ് മൂപ്പൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.