വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് റോഡില്‍ വീണയാള്‍ മരിച്ചു
വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു. ഹനീഫ്(54)ആണ് മരിച്ചത്. ഡിസംബര്‍ 31-ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഹനീഫിന് മർദ്ദനമേറ്റത്. ഷിബു എന്നയാളാണ് ഹനീഫിനെ മർദ്ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫിൻ്റെ കാറിടിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഷിബു ഹനീഫുമായി തര്‍ക്കത്തിലേര്‍പ്പെട്ടുകയും ഷിബു ഹനീഫിൻ്റെ തലയ്ക്ക് അടിയ്ക്കുകയുമായിരുന്നു. അടിയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പൊലീസ് പറയുന്നത്. ഹനീഫിൻ്റെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ഹനീഫിൻ്റെ കാറിടിക്കുന്നതും തുടര്‍ന്ന് തര്‍ക്കമുണ്ടാകുന്നതും അടിയേറ്റ് ഹനീഫ് വീഴുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്.