കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തിക പ്രയാസം മൂലം മാറിനിന്നതെന്ന് മൊഴി
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണുവിനെ ഡിസംബർ 17 മുതലാണ് കാണാതായത്. സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ പത്ത് മണിക്ക് കോഴിക്കോട് എത്തും.
മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. 450 സിസിടിവി ലൊക്കേഷൻ പരിശോധിച്ചതായി അന്വേഷണഉദ്യോഗസ്ഥൻ. ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. രാത്രി 11 മണിയോടെയാണ് എലത്തൂരിൽ നിന്നുള്ള എസ്‌ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തയത്.
ഡിസംബർ 17ന് ബന്ധുക്കളെ നാട്ടിലേക്ക് വരുന്നു എന്നറിയിച്ചിരുന്നു. 17ന് പുലർച്ചെ കണ്ണൂരിൽ എത്തി എന്ന് അമ്മയ്ക്ക് വിഷ്ണു സന്ദേശം അയച്ചിരുന്നു. പിന്നീട് ഫോണിന്റെ ലൊക്കേഷൻ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തി. തുടർന്നാണ് സംഭവത്തിൽ ദുരൂഹത ഉണ്ടായത്. ഇക്കഴിഞ്ഞ 23ന് എലത്തൂരിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലും പുനെയിലും തിരച്ചിൽ നടത്തിയിരുന്നു.
മുംബൈയിലേക്കുള്ള ട്രെയിനിൽ വിഷ്ണു കയറിയാതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പലയിടത്തായി വിഷ്ണു മാറിനിൽക്കുന്നതായി കണ്ടെത്തിയത്. ജനുവരി 11നാണ് വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടത്. അതിന് മുന്നോടിയായി വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ.